ഫോട്ടോ എങ്ങനെ മിസ്സിന്റെ കൈയിൽ വന്നു?
ആരിൽ നിന്നും കിട്ടി ഈഫോട്ടോ?
ചുവന്ന ഷർട്ടിട്ട് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മുഖം.
"പക്ഷെ തനിക്ക് ഇതുപോലെ ഒരു ഷർട്ട് ഇല്ലല്ലോ!"
അവൻ ചിന്താകുഴപ്പത്തിലായി.
"മാത്രമല്ല,ഞാൻ ഇതുപോലെ ഭംഗിയായി മുടി ചീകിയിട്ടുമില്ല…"
പക്ഷെ,എന്റെ മുഖം,എന്റെ കണ്ണുകൾഎന്റെ ചുണ്ടുകൾ, ഞാൻ പുഞ്ചിരിക്കുന്നതുപോലെ തന്നെ!!
ഇത് ഞാൻ തന്നെ!
പക്ഷെ ലത്തീഫ മിസ്സിന് എങ്ങനെ കിട്ടി എന്റെ ഫോട്ടോ?
സംശയിച്ച് പെട്ടെന്ന് തിരിഞ്ഞപ്പോൾ പിമ്പിൽ ഒരു ട്രേയുമായി ലത്തീഫ!
"ഇത് ഈ ഫോട്ടോ?"
ചുമരിലേക്ക് നോക്കി അവൻ ചോദിച്ചു.
"ഇരിക്ക് സന്ദീപ് ആദ്യം,"
മുഖത്ത് വിവേചിക്കാനാവാത്ത ഒരു ഭാവം കൊണ്ടുവന്ന് അവൾ പറഞ്ഞു.
"കാപ്പി കുടിക്കൂ.."
സന്ദീപ് സോഫയിൽ ഇരുന്നു. അവന് അഭിമുഖമായി അവളും.
കാപ്പി കുടിക്കുമ്പോഴും സന്ദീപിന്റെ കണ്ണുകൾ ഭിത്തിയിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ചിത്രത്തിലായിരുന്നു.
"അത് രവി രാജ് തിവാരി…"
കാപ്പി കുടിച്ച് കപ്പ് ട്രേയിലേക്ക് തിരികെ വെച്ചപ്പോൾ ലത്തീഫ പറഞ്ഞു.
"രവി രാജ് !!"
സന്ദീപ് അദ്‌ഭുതത്തോടെ ചോദിച്ചു.
"യെസ്,സന്ദീപ്! രവി
രാജ് തിവാരി…"
അവൾ ആവർത്തിച്ചു.
"പക്ഷെ ആൾ എന്നെപ്പോലെ തന്നെ ..! എന്റെ ഫോട്ടോ പോലെ …!"
ലത്തീഫ ഒന്നും പറയാതെ ഭിത്തിമേൽ തൂങ്ങുന്ന ഫോട്ടോയിലേക്ക് നോക്കി.
"ഞാൻ പി ജി ചെയ്തത് മുംബൈയിലാണ് ..സെയിന്റ്റ് സേവിയേഴ്‌സിൽ…"
നിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.
"എന്റെ ജൂനിയർ ആയിരുന്നു രവി രാജ് ..ഞാൻ ഫൈനലിൽ അവൻ പ്രീവിയസ്സിൽ…"
"ഇപ്പോൾ?"
സന്ദീപ് ചോദിച്ചു.തന്റെ ചോദ്യത്തിൽ ഭയം നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. എന്തിന്? അവൻ സ്വയം ചോദിച്ചു.
ചുറ്റുപാടും പെട്ടെന്ന് നിശബ്ദമായി.
എണ്ണമറ്റ മൃദുവായ ശബ്ദങ്ങളുടെ താളങ്ങൾ നേർത്ത് അലിഞ്ഞ് മറയുന്നു. അന്തരീക്ഷത്തിൽ നിന്ന് ശബ്ദങ്ങളുടെ താപം പൂർണ്ണമായി മറഞ്ഞ് മൃതനിശബ്ദതയുടെ തണുപ്പ് നിറയുന്നു…
"ഇപ്പോൾ …"
ലത്തീഫയുടെ ശബ്ദം വിറയാർന്നു. അവളുടെ ശബ്ദത്തിൽ ഊഷ്മളതയുണ്ടായിരുന്നില്ല. വികാരങ്ങൾ നിരസിക്കപ്പെടുമ്പോഴുള്ള അസഹ്യമായ തണുപ്പായിരുന്നു അതിൽ.
"ഹീ ഈസ് നോ മോർ…"
വിദൂരമായ, സംഗീതവും പ്രകാശവുമില്ലാത്ത, ശബ്ദത്തിന്റെ കണികകളും ചലങ്ങളുടെ താളവുമില്ലാത്ത ഒരിടത്ത് നിന്ന് മൃതിയുടെ നിറമണിഞ്ഞ് ആ വാക്കുകൾ…
ജനിമൃതികൾക്കപ്പുറം