എത്തിച്ചേർന്നു. വലിയ തിരക്കൊന്നും ഇല്ല. ആളൊഴിഞ്ഞ ഒരിടം നോക്കി ഞാൻ ഇരുന്നു. എന്താണ് ബിബിനോട് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. എനിക്കോ അമ്മക്കോ മാനസികമായി അവനുമായി ഒരു ബന്ധത്തിന് താല്പര്യം ഇല്ലായിരുന്നു. കുറച്ച് സമയത്തിനകം തന്നെ ദേവുവും ബിബിനും അവിടെ എത്തി. എന്റെ അരികിലേക്ക് നടന്ന് വരുന്ന ബിബിനെ ഞാൻ നോക്കി. നല്ല വെളുത്തിട്ടാണ്, ക്ലീൻ ഷേവ്, ദേവുവിനെക്കാൾ ശകലം കൂടി പൊക്കമുണ്ട്. പുറമെ നിന്നു നോക്കുമ്പോൾ എന്തുകൊണ്ടും ദേവുവിന് നല്ല ചേർച്ചയുണ്ട്. അവളുടെ മുഖം സന്തോഷത്തിലാണ്. ഞാൻ ഒരു സിമെന്റ് ബെഞ്ചിൽ ആണ് ഇരുന്നിരുന്നത്. ദേവു വന്നയുടൻ എന്റെ അരികിലായി ഇരുന്നു. ബിബിൻ ഞങ്ങൾക്ക് എതിരെ ഉള്ള ബെഞ്ചിലും. ദേവു സാധാരണ അങ്ങനെ തന്നെയാണ്, എവിടെയെങ്കിലും പോകുമ്പോൾ ഞാൻ ഉണ്ടെങ്കിൽ എന്റെ അരികിൽ തന്നെയാണ് ഇരിക്കാറുള്ളത്. ഞാൻ ബിബിന്റെ മുഖം ശ്രദ്ധിച്ചു. അവൾ എന്റെ അരികിൽ ഇരുന്നത് അവന് ഇഷ്ട്ടമായില്ലെന്ന് അവന്റെ മുഖ ഭാവത്തിൽ നിന്നും മനസിലായി. ദേവുവിനും അത് മനസിലായെന്ന് എനിക്ക് തോന്നി. അങ്ങോട്ടും എങ്ങോട്ടുമുള്ള പരിചയപെടുത്തലുകൾക്ക് ശേഷം
ദേവു പറഞ്ഞു. "ഞാൻ പോയി ചായ വാങ്ങി കൊണ്ട് വരാം." ബിബിൻ പെട്ടെന്ന് പറഞ്ഞു. "എനിക്ക് വേണ്ട." അവൾ ഒന്നും മിണ്ടിയില്ല. എഴുന്നേറ്റ് അവിടെ നിന്നും പോയി. അവൾ പോയി കഴിഞ്ഞു ഞങ്ങൾ ഒന്നും മിണ്ടിയില്ല.
അവൾ ഷോപ്പിൽ പോയി ചായ വാങ്ങുന്നതും തിരികെ വരുന്നതും നോക്കി ഞങ്ങൾ ഇരുന്നു. തിരികെ വരുമ്പോൾ അവളുടെ കൈയിൽ മൂന്നു ഗ്ലാസ് ചായ ഉണ്ടായിരുന്നു. ഒരു ഗ്ലാസ് ചായ എന്റെ കൈയിൽ തന്നിട്ട് അവൾ ബിബിൻ ഇരിക്കുന്ന ബെഞ്ചിലേക്ക് ഇരുന്ന് അവന് നേരെ ചായ നീട്ടി. അവളെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ ഒരു പുഞ്ചിരിയോടെ ചായ വാങ്ങി. ഞാൻ അവർ ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇഴകി ചേർന്നൊന്നും അല്ല അവൾ അവന്റെ അരികിൽ ഇരിക്കുന്നത്. അവർക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു. ഔപചാരികമായ സംഭാഷണങ്ങൾക്ക് ശേഷം ഞാൻ വിഷയത്തിലേക്ക് കടന്നു. "ബിബിന് ഇവളുമായുള്ള കല്യാണം എന്ന് നടത്താമെന്നാണ് പ്ലാൻ?" "എന്തായാലും എനിക്ക് ഒരു നാല് വർഷത്തെ സാവകാശം വേണ്ടി വരും." "നാല് വർഷമെന്ന് പറയുമ്പോൾ ഇവൾക്കന്ന് വയസ് മുപ്പത് ആകും." "എന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കണം.. എനിക്ക് രണ്ട് അനിയത്തിമാരാണ് ഉള്ളത്, അവരെ എനിക്ക്