അവളുടെ സ്വരം ചെറുതായി മാറി. "നമ്മൾ ഇതിനെ കുറിച്ച് ഒരുപാട് പ്രാവിശ്യം സംസാരിച്ച് കഴിഞ്ഞതാണല്ലോ." "നീ ജീവിതകാലം മൊത്തം ഒറ്റക്ക് കഴിയാൻ പോകുവാണോ?" "അതേ, അതിലെന്താ കുഴപ്പം.. എന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഞാൻ അപ്പോൾ നോക്കിയാൽ മതിയല്ലോ." "ഇപ്പോൾ നിനക്ക് അങ്ങനെയൊക്കെ തോന്നും.. പക്ഷെ ഭാവിയിൽ ഒറ്റക്കായി പോയി എന്നൊരു തോന്നൽ ഉണ്ടാകുമ്പോൾ നിന്റെ നല്ല കാലം കഴിഞ്ഞിരിക്കും." അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി. "ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഞാൻ ഒരു കല്യാണം കഴിച്ചിട്ട് അവനും രാജീവിനെ പോലെ മറ്റൊരു പെണ്ണിനൊപ്പം പോകില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?’ "എല്ലാരും രാജീവിനെ പോലെ ആകണമെന്നില്ല ദേവു." "നീ എന്റെ മാനസികാവസ്ഥ മനസിലാക്കാഞ്ഞിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്." "എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം?"
അവൾ ഒന്നും മിണ്ടിയില്ല. "എന്താ നിന്റെ മനസിലുള്ളത് എന്ന് പറ.." "ഞാൻ ഒരു കല്യാണം കഴിച്ചെന്നിരിക്കട്ടെ.. അവൻ ഓരോ തവണ എന്റെ ശരീരത്ത് തൊടുമ്പോഴും എനിക്ക് ഓർമ വരുന്നത് രാജീവിനെ ആയിരിക്കും, അങ്ങനെ ഉള്ളപ്പോൾ എനിക്കെങ്ങാനാണ് നല്ലൊരു കുടുംബ ജീവിതം നയിക്കാൻ
പറ്റുന്നത്." അതിന് അവൾക്ക് കൊടുക്കുവാനൊരു ഉത്തരം എനിക്കില്ലായിരുന്നു. . . പിറ്റേ ദിവസം തന്നെ ദേവിക ചെന്നൈയിലേക്ക് യാത്ര തിരിച്ചു. ഞാൻ തന്നെയായിരുന്നു അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. അവൾ പോയി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ അച്ഛനും അമ്മാവനും കൂടി മായയുടെ കാര്യം എന്നോട് സംസാരിച്ചു. ഞാൻ ഇതിനകം തന്നെ അവളെ ഇഷ്ട്ടമാണെന്ന കാര്യം മായയെ അറിയിച്ചിരുന്നു. അവൾ അത് അമ്മാവനെ അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും വീട്ടുകാർക്ക് വേണ്ടി ഒരു ഉറപ്പിന് വേണ്ടിയായിരുന്നു ഈ സംസാരം. മായ വീട്ടിൽ എന്റെ കാര്യം അവതരിപ്പിച്ചപ്പോൾ അവൾ വിചാരിച്ചിരുന്നപോലെ തന്നെ വലിയ എതിർപ്പൊന്നും ഉണ്ടായില്ല. അമ്മാവനും അച്ഛനും എന്നോട് സംസാരിച്ചപ്പോൾ ദേവിക എന്നോട് പറഞ്ഞപോലെ തന്നെ രണ്ട് വർഷത്തെ സാവകാശം ഞാൻ ചോദിച്ചു. അവർക്കും അത് സമ്മതമായിരുന്നു. പിന്നെ ഞാൻ ചിന്തിച്ചത് ദേവിക പറഞ്ഞത് പോലെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചായിരുന്നു. വീട്ടുകാരും കൂട്ടുകാരുമായൊക്കെ ഉള്ള ചർച്ചക്കൊടുവിൽ അവസാനം ഞാൻ ഒരു എവെന്റ്റ് മാനേജ്‌മന്റ് തുടങ്ങാൻ തീരുമാനിച്ചു.