"അവൻ വന്നില്ലെ മോളെ??"
"ഇല്ലമ്മാവാ..വരില്ല. എന്തോ തിരക്കാന്നാ പറഞ്ഞെ……"
സങ്കടം പുറത്തു കാട്ടാതെ മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ അമ്മാവന് മറുപടി കൊടുത്തു.
"ശ്യോ കഷ്ടം ആയി പോയല്ലോ മോളെ.. കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോൾ അവൻ മാത്രം ഇല്ലെന്നു പറഞ്ഞാൽ എങ്ങനെയാ…?"
അമ്മാവന് മറുപടി കൊടുക്കാൻ നിൽക്കാതെ ഒന്ന്കൂടി പുഞ്ചിരിച്ചു ഞാൻ ചിന്നുവിനെയും വലിച്ചുകൊണ്ട് വീടിന് അകത്തേക്ക് കടന്നു.
"ഹോ ! വരുന്നവർക്കും പോകുന്നവർക്കും എല്ലാ അയാളെ കണ്ടാൽ മതി… അതെന്താ എന്നെ കുറിച്ച് ഒന്നും ചോദിക്കാൻ ഇല്ലേ ഇവർക്ക്? … അതിനു മാത്രം എന്താ അയാളിൽ ഇത്ര കാണാൻ ഇരിക്കുന്നത്.. രണ്ടു മത്തകണ്ണും ജനിച്ചിട്ടിതുവരെ വടിക്കാത്ത ആ വൃത്തികെട്ട താടിയും അല്ലെ…? അയാൾ വന്നാലും വന്നില്ലെങ്കിലും ആ കിളവനെന്താ…. കല്യാണം എന്റെ അമ്മാവന്റെ മോളുടെ അല്ലെ? അയാൾ വന്നില്ലെങ്കിൽ ഈ കല്യാണം നടക്കാതെ ഇരിക്കുവോന്നും ഇല്ലല്ലോ? "
ഉള്ളിലുള്ള അമർഷം എല്ലാം ഒന്ന് പറഞ്ഞു തീർത്തപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി…. പറഞ്ഞു നിർത്തി ചിന്നു വിന്റെ മുഖത്തേക്ക് നോക്കുമ്പോൾ
പൊട്ടൻ കൂത്തു കാണാൻ പോയ അതെ അവസ്ഥയിൽ അവളെന്നേയും നോക്കി നിൽക്കെയാണ് ……..
"എന്തുവാടീ ഈ കണ്ണ് മിഴിച്ചു നിൽക്കുന്നെ?"
"ഇതൊക്കെ എന്തിനാ ചേച്ചി എന്നോട് പറയുന്നേ…?" അന്തിച്ചു നിന്ന അവളുടെ ചോദ്യം ഉയർന്നു.
അതു ശരിയണല്ലോ.. ഇതൊക്കെ ഞാൻ എന്തിനാ അവളോട് പറയുന്നത്?… മനസ്സിൽ തോന്നിയ വെറുപ്പ് അപദ്ധവശാൽ പുറത്തേക്കു വന്നതാണ്… ഇനി ഇവൾക്ക് വല്ലതും മനസ്സിലായി കാണുമോ?
"ഏയ്… !"
എന്റെ ചമ്മിയ മുഖം അവളെ കാണിക്കാതെ ഞാൻ വേഗം തിരിച്ചു നടന്നു…
" അപ്പൊ ഏട്ടൻ വരില്ലേ കല്യാണത്തിന് ? "
ചിന്നു വിളിച്ചു ചോദിച്ചു……. മറുപടി ഒന്നും പറയാൻ നിൽക്കാതെ ഞാൻ വേഗത്തിൽ നടന്നു. അപ്പോഴും അവളെന്നെ തന്നെ നോക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു….
" അയാൾ വന്നില്ലെങ്കിൽ ഇവൾക്കെന്താ? "
പിറുപിറുത്തു ചുണ്ടും കോട്ടി നേരെ അടുക്കളയിലേക്ക് ഞാൻ നടന്നു കയറുമ്പോൾ അമ്മയടക്കം എല്ലാ സ്ത്രീ ജനങ്ങളും അവിടെ തടിച്ചു കൂടിയിരുന്നു…
" ആഹ് ശ്രീക്കുട്ടി ? എപ്പോ വന്നെടീ കൊച്ചേ നീയ്? "
മൂലയിൽ ഒതുങ്ങി നിന്നിരുന്ന വല്യമ്മയെ ആ ചോദ്യത്തിനുടമയെ ഞാൻ കണ്ടു.
"അയ്യോ പരദൂഷണം തള്ള ഇവിടെ ഉണ്ടായിരുന്നോ?