സാമ്പത്തികമായി അച്ഛൻ കുറച്ച് സഹായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് തന്നെ അത് തുടങ്ങുവാനും കഴിഞ്ഞു. ഇപ്പോൾ തരക്കേടില്ലാത്ത രീതിയിൽ ബിസിനസ് മുന്നോട്ട് പോകുന്നുണ്ട്. ഡിവോഴ്‌സിന് ശേഷം ദേവു ചെന്നൈയിലേക്ക് തിരികെ പോയിട്ട് ഇപ്പോൾ അഞ്ചു മാസത്തോളം ആകുന്നു. എല്ലാ ദിവസവും അവൾ വിളിക്കും. ഡിവോഴ്സ് ആയി നിൽക്കുന്ന പെണ്ണാണെന്ന് അറിഞ്ഞ് അത് മുതലെടുക്കാമെന്ന് വിചാരിച്ച് കൂടെ വർക്ക് ചെയ്യുന്ന ചില ഞരമ്പന്മാർ അവളോട് അടുത്ത് കൂടിയിരുന്നു. എന്നാൽ അവൾ അവന്മാരെയൊക്കെ അതിന്റെതായ രീതിയിൽ ഒഴുവാക്കി വിടുകയും ചെയ്തിരുന്നു. അതിനെകുറിച്ചെല്ലാം അവൾ അപ്പപ്പോൾ വിളിച്ച് എന്നോട് പറയും. ദേവികയുടെ അമ്മയെ കാണാൻ ഞാൻ മിക്കപ്പോഴും പോകാറുണ്ട്. ദേവുവിനെ കുറിച്ച് അമ്മക്കെപ്പോഴും ആധിയാണ്.. അത് എന്നോട് പറയാറും ഉണ്ട്. ദേവു ഒരു പിടിവാശിക്കാരി ആയതിനാൽ അവളെ നിർബന്ധിച്ച് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അമ്മയ്ക്കും അറിയാം. ‘അമ്മ ഇടക്കൊക്കെ എന്നോട് പറയാറുണ്ട്.. മറ്റുള്ളവരുടെ വാക്ക് കേട്ട് ദേവു എന്തെങ്കിലും അനുസരിക്കാറുണ്ടെങ്കിൽ അത് മോൻ പറയുന്നത്
മാത്രമാണെന്ന്.
അതുപോലെ തന്നെ ദേവുവും എന്നോട് പറയാറുണ്ട്. ചില ദിവസങ്ങളിൽ രാത്രി പതിനൊന്നു മണിയൊക്കെ കഴിയുമ്പോൾ ‘അമ്മ വിളിക്കുമ്പോൾ എന്റെ ഫോൺ ബിസി എന്നെങ്കിലും നിന്നോടാണ് സംസാരിച്ചതെന്ന് പറഞ്ഞാൽ ‘അമ്മ വഴക്കൊന്നും പറയാറില്ലെന്ന്. ഏത് സമയത് വേണമെങ്കിലും നിന്നോട് സംസാരിക്കാനുള്ള സ്വാതന്ത്രം ‘അമ്മ നൽകിയിട്ടുണ്ടെന്ന്. ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയായിരുന്നു. അവളുടെ ‘അമ്മ ഒരിക്കൽ പോലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ കണ്ടിരുന്നില്ല. മായ ഇടക്കൊക്കെ എന്നോട് പരാതി പറയാറുണ്ടായിരുന്നു.. അവളോട് സംസാരിക്കുന്നതിനേക്കാളേറെ ഞാൻ ദേവുവിനോടാണ് സംസാരിക്കുന്നതെന്ന്. പക്ഷെ ഒരിക്കൽ പോലും എന്റെ മായ എന്നോട് പറഞ്ഞിട്ടില്ല ദേവുവിനെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന്. ഡിവോഴ്‌സിന് ശേഷം ചെന്നൈയിലേക്ക് പോയ സമയങ്ങളിൽ ദേവു വിളിക്കുമ്പോൾ അവളുടെ സ്വരങ്ങളിൽ സങ്കടം മാത്രമായിരുന്നു നിഴലിച്ചിരുന്നത്. എന്നാൽ ഈ ഇടയായി അവൾ കുറച്ച് സന്തോഷവതി ആണ്. കാരണം വിശ്വസിക്കാവുന്ന ഒരു നാല് കൂട്ടുകാരെ അവൾക്ക് കിട്ടിയിട്ടുണ്ട്.