ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "അവനെ കെട്ടിയാൽ നിന്റെ ട്രാവലിംഗ് സ്വപ്നം നടക്കില്ലല്ലേ." ഒരു ചിരിയായിരുന്നു അവളുടെ മറുപടി. "എന്താ അവന്റെ പേര്?" "രാജീവ്.. " ഞാൻ മനസ്സിൽ ചെറുതായി ആ പേര് ഉരുവിട്ടു. . . ദേവിക ചെന്നൈയിലേക്ക് പോയിക്കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഞാനും ബാംഗ്ളൂരിലേക്ക് ബസ് കയറി. രണ്ടുമാസത്തിനകം തന്നെ ഞാൻ ബാംഗളൂർ ലൈഫ് മടുത്ത് തുടങ്ങിയിരുന്നു. ദിവസേന ഒരേ കാര്യങ്ങൾ തന്നെയാണ് അവിടെ ആവർത്തിച്ചിരുന്നത്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു, തിരിച്ച് വരുന്നു, കിടന്നുറങ്ങുന്നു. ഇതിനിടയിൽ ദേവികയുടെയും മായയുടെയും ഫോൺ കാളുകൾ മാത്രമായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. പക്ഷെ ഈ ഇടയായി ദേവികയ്ക്ക് ഒരു മാറ്റം പോലെ. വിളിച്ചാൽ അധികം സംസാരിക്കാറില്ല, മിക്കപ്പോഴും തിരക്ക്. ജോലിയുടെ തിരക്കിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
കടിച്ച് പിടിച്ച് ബാംഗളൂർ ആറു മാസം തികച്ചു നിൽക്കുന്ന സമയത്താണ് ദേവികയുടെ ഫോൺ കാൾ എന്നെ തേടിയെത്തിയത്. അവൾ ഇപ്പോൾ വീട്ടിലാണ്.. കുറച്ച് പ്രശ്നങ്ങൾ ഉണ്ട്.. പറ്റുമെങ്കിൽ ഒന്ന് അവിടം വരെ ചെല്ലാൻ.
അവൾ വീട്ടിൽ പോകുന്ന കാര്യം എന്നോട് ഒന്ന് സൂചിപ്പിച്ചിരുന്നത് പോലും ഇല്ലായിരുന്നു. അവളുടെ സ്വരത്തിലെ കടുപ്പം എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്നു. ജോലി കളഞ്ഞ് നാട്ടിലേക്ക് പോകാൻ ഒരു കാരണം അന്വേഷിച്ച് നടന്നിരുന്ന എന്റെ മനസിന് ഇതിൽ കൂടുതൽ ഒന്നും ആവിശ്യം ഇല്ലായിരുന്നു. ആദ്യം കിട്ടിയ ബസിൽ തന്നെ ഞാൻ നാട്ടിലേക്ക് വണ്ടി കയറി. ദേവികയുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എപ്പോഴും പ്രസന്നത മാത്രം നിറഞ്ഞ് നിന്നിരുന്ന അമ്മയുടെ മുഖം വാടി ഇരിക്കുന്നു. ദേവികയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിക്കിടക്കുന്നു. ഒരുപാട് കരഞ്ഞിട്ടാണെന്ന് തോന്നുന്നു മുഖം വീർത്തിരിക്കുകയാണ്. "എന്താ ‘അമ്മാ.. എന്താ ഇവിടെ ഉണ്ടായത്?" ഒറ്റ ശ്വാസത്തിലാണ് ‘അമ്മ മറുപടി പറഞ്ഞത്. "അന്നൊരിക്കൽ കല്യാണ ആലോചനയുമായി വന്ന രാജീവ് ഇല്ലേ.. അവനുമായി ഇവൾ ഇഷ്ട്ടത്തിൽ ആണെന്ന്.. ഞാൻ കല്യാണം നടത്തി കൊടുക്കണമെന്ന്." ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്. "മോനറിയാതെ ഇവൾ ഒന്നും ചെയ്യാറില്ല. ഇതും മോനറിഞ്ഞിട്ടാണോ?" "ഇല്ലമ്മാ.. എനിക്കൊന്നും അറിയില്ലായിരുന്നു."