ലേറ്റ് ആയിട്ടും എവിടെത്തി എന്ന് ഞാൻ വിളിച്ച് ചോദിക്കാഞ്ഞത്.. നിന്റെ കാര്യത്തിൽ എന്നെക്കാളും ശ്രദ്ധ അവനുണ്ട്.. അത് കൊണ്ട് തന്നെ എനിക്കവനോട് ഇത്തിരി സ്നേഹക്കൂടുതലും ഉണ്ട്.. അതിൽ നീ അസൂയപ്പെട്ടിട്ട് കാര്യമില്ല." "അപ്പോൾ ഞാൻ ഔട്ട് അല്ലേ.." അത് കേട്ട് ഞാൻ ചിരിച്ച്കൊണ്ടു പറഞ്ഞു. "ഞാൻ ഇറങ്ങുന്നമ്മേ.." എന്നോടൊപ്പം പുറത്തേക്ക് നടന്ന അവൾ പറഞ്ഞു. "അപ്പോൾ നാളെ വരുമ്പോൾ എനിക്ക് വാങ്ങി വച്ചേക്കുന്ന സാധനം കൂടി ഇങ്ങു കൊണ്ട് വരണം." എന്താണ് അവൾ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. "എന്ത് സാധനം?" ഒരു കുസൃതിയോടെ അവൾ പറഞ്ഞു. "എനിക്ക് വാങ്ങാനെന്നും പറഞ്ഞ് എന്റെ ബ്രായുടെ സൈസ് ഒകെ മനസിലാക്കിയല്ലോ." ഞാൻ പെട്ടെന്ന് തിരിഞ്ഞ് പിറകിലേക്ക് നോക്കി. ഭാഗ്യം ‘അമ്മ അവിടില്ല. ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു. "നിന്റെ നാക്ക് ഞാൻ മുറിച്ചെടുക്കും."
ഞാൻ കാറിൽ കയറി പോകുന്നവരെയും ഒരു പുഞ്ചിരിയോടെ അവൾ അവിടെ തന്നെ നിന്നു. അവൾ നാട്ടിൽ ഉണ്ടായിരുന്ന ഒരുമാസം വളരെ പെട്ടെന്നാണ് കടന്ന് പോയത്. തിരികെ ചെന്നൈയിലേക്ക് പോകാനായി അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്
ഉള്ള യാത്രയിലായിരുന്നു ഞാൻ. "ഡാ.. എനിക്കൊരു ആലോചന വന്നതിനെ പറ്റി ‘അമ്മ പറഞ്ഞോ?" ഞാനും അപ്പോഴാണ് അതിനെ കുറിച്ച് ഓർത്തത്. "ഒരു ആലോചന വന്നു, അത് വേണ്ടെന്നും പറഞ്ഞ് വിട്ടെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതാ ഞാൻ പിന്നെ തിരക്കാഞ്ഞത്." "ഈ ഇടക്ക് ഞാൻ ഒരു കല്യാണത്തിന് പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ടിഷ്ട്ടമായതാണ്." "ഒറ്റ നോട്ടത്തിൽ നിന്നെ കണ്ടിഷ്ടപ്പെടാനും ആൾക്കാരുണ്ടോടി?" അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. "അതെന്താടാ എന്നെ കാണാൻ അത്രക്ക് മോശമാണോ?" "അതിപ്പോൾ ഞാൻ എങ്ങനടി നിന്റെ മുഖത്ത് നോക്കി തുറന്ന് പറയുന്നത്." "നിനക്ക് മാത്രേ എന്നെ ഈ പുച്ഛമുള്ളു, ചെന്നൈയിൽ എത്രപേരാണ് എന്റെ പിറകെ നടന്നതെന്നറിയാമോ?’ എനിക്കവളെ ദേഷ്യം പിടിപ്പിക്കുന്നത് എപ്പോഴും ഒരു രസമായിരുന്നു. അത് അവൾക്കും നന്നായിട്ടറിയാം. പലപ്പോഴും ഞാൻ അവളെ കളിയാക്കിയിരുന്നത് അവളുടെ മുടിക്ക് നീളമില്ല എന്നും പറഞ്ഞായിരുന്നു. "ആ ആലോചന എന്താ വേണ്ടെന്ന് വച്ചത്?" "അമ്മയ്ക്ക് അടുത്തറിയാവുന്ന കുടുംബമാണ് അവരുടേത്. സാമ്പത്തികമായി വലിയ നിലയിലൊന്നും അല്ല. പിന്നെ അവൻ നാട്ടിൽ തന്നെ എന്തോ ജോലി ചെയ്യുവാ."