അവളാണ് ആദ്യം ഉണർന്നത്. അരുവിയുടെ കരയിൽ നിന്ന് വീട്ടിൽ എത്തി ഉറങ്ങിയത് എപ്പോളാണന്നു അറിയില്ല. പരസ്പരം കൈ കോർത്ത് വീട്ടിലേക്ക് വരുമ്പോൾ തമ്മിൽ പ്രണയം ആയിരുന്നില്ല ഉള്ളത് എന്ന് രണ്ടുപേർക്കും അറിയാമായിരുന്നു.
രാവിലെ ചായ കൊണ്ടുവന്നു വിളിച്ചെഴുന്നേല്പിച്ചത് അവളാണ്. പുറത്ത് നല്ലമഴയാണ്. ഹാളിൽ സെറ്റിയിൽ ആണ് ഞാൻ കിടന്നതെന്ന് ഉണർന്നപ്പോളാണ് ഞാൻ ഓർത്തത്.
കുളിച്ചു വന്നപ്പോളേക്കും രാവിലത്തെ ഭക്ഷണം ഒരുക്കി ഡൈനിങ്ങ് ടേബിളിൽ വച്ചു കുളിച്ചു റെഡി ആയി അവൾ എന്നെ കാത്തിരുപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് കഴിച്ചു. അടുത്ത കാലത്ത് ഞാൻ കഴിച്ചതിൽ ഏറ്റവും നല്ല ഭക്ഷണം ആയിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ കുറേ നാളുകൾക്കു ശേഷം ആണ് അവൾ ഭക്ഷണം ഉണ്ടാക്കുന്നതെന്നാണ് അവൾ പറഞ്ഞത്.
അന്നത്തെ ദിവസം മുഴുവൻ ആ വീട്ടിൽ ചിലവഴിച്ചു. എന്നെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഒന്നും ഞാൻ അവളോട് പറഞ്ഞില്ല, അവൾ ചോദിച്ചുമില്ല.
അന്ന് രാത്രിയും ഞാൻ ഹാളിലും അവൾ മുറിയിലും ഉറങ്ങി. പിറ്റേ ദിവസം ഞാൻ ഉണരുമ്പോൾ അവൾ ഉണർനിട്ടുണ്ടായിരുന്നില്ല. ഞാൻ മുറിയുടെ അടുത്ത് ചെന്നു
നോക്കിയപ്പോൾ കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുതച്ച് കിടന്നുറങ്ങുന്ന അവൾക്ക് തള്ളപ്പൂച്ചയുടെ ചൂട് പറ്റി കിടക്കുന്ന ഒരു പൂച്ചക്കുഞ്ഞിന്റെ മുഖമാണ്.
അവൾ ഉണർന്നപ്പോൾ ഞാൻ കാപ്പി തയ്യറാക്കി വച്ചിരുന്നു.
"കുറേ നാളുകൾക്ക് ശേഷം സമാധാനത്തോടെ ഉറങ്ങി" കാപ്പി കുടിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ അതുവരെ അവിടെ അവൾ അനുഭവിച്ച അരക്ഷിതാവസ്ത എനിക്ക് മനസിലാക്കാൻ കഴിയുമായിരുന്നു.
പകൽ അരുവിയുടെ കരയിലൂടെ മലമുകളിലേക്ക് ഞങ്ങൾ നടന്നു. വെള്ളം പാറക്കെടുകളെ തഴുകി പോകുന്ന ശബ്ദം കേട്ട് മലമുകളിൽ എത്തി. അവിടെ നിന്നാൽ ചുറ്റുമുള്ള മലനിരകളും കാടും താഴ്വരയും ചെറിയ റോഡും ഒക്കെ കാണാം. ചെറിയ കറുത്ത പാറക്കെട്ടിന് മുകളിൽ കയറി നിന്ന് ഇരു കൈകളും വിടർത്തി അവൾ പ്രകൃതിയുടെ മായിക ഭംഗി ആസ്വദിക്കുകയാണ്. അവളുടെ പുകചുരുളുകൾ പോലെയുള്ള മുടികളിൽ ഇളം കാറ്റ് തട്ടി അവ മുഖത്തേക്ക് അലക്ഷ്യമായി വന്ന് വീണ് കിടക്കുന്നു. കരിംപച്ച പുതച്ച കാടിനും കറുത്ത തിങ്ങിയ മുടിയിഴകൾ മറച്ച അവളുടെ മുഖത്തിനും ഒരേ ഭംഗിയാണന്ന് എനിക്ക് തോന്നിപോയി.
"സന്ധ്യേ" ഞാൻ വിളിച്ചപ്പോളാണ്