എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തെ എഴുതി ഇട്ടിരുന്ന നോവലൈറ്റാണിത്. ഇവിടുത്തെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. നേരത്തെ വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക.ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം. എനിക്ക് സന്തോഷമായി ജീവിക്കണം. എന്റെ മനസ്സിന്റെ ഇഷ്ടം പോലെ. ഇപ്രാവശ്യം ആശുപത്രിയില്‍ ആരും കൂടെയുണ്ടായിരുന്നില്ല സ്വന്തക്കാരായിട്ട്. വന്നതാകട്ടെ കൊച്ചിയിലെ ബ്രാഞ്ചിലെ മാനേജര്‍ ചെന്നൈക്കാരന്‍ രാമമൂര്‍ത്തി മാത്രം. അയാള്‍ക്ക് വീട്ടിലും പോവാം അങ്കവും കണ്ട് താളിയുമൊടിക്കാം എ ന്നതുകൊണ്ട് വന്നുഎന്നുമാത്രം.
പതിനെട്ട് വര്‍ഷത്തോളമെടുത്തു ബിസിനസ്സിനെ ഈ വഴിയിലെത്തിക്കാന്‍ , പടര്‍ന്നു പന്തലിച്ച് 2500 ലധികം പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമാക്കാന്‍. തിരികത്തിച്ചു തന്ന അച്ഛന് പറഞ്ഞു തന്ന വഴികളിലൂടെ ഞാന്‍ ഏറെ സഞ്ചരിച്ചിരുന്നു. എങ്കിലും ഈ സാമ്രാജ്യത്തവും പണവും പ്രതാപവും എന്നെ ഭ്രമിപ്പിച്ചില്ല. പിന്നിട്ട ഇടവഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വെറും
നാട്ടിന്‍പുറത്തുകാരനായി ഞാന്‍ നിലകൊണ്ടു.
ഒരു സാധാരണക്കാരനു ആശിക്കാവുന്നതിലും അപ്പുറത്തേക്ക് ഞാന്‍ എന്റെ സംരംഭത്തെ വളര്‍ത്തിയെടുത്തുവെങ്കില്‍ നഷ്ടപ്പെട്ടത് വേറെ ചിലതൊക്കെയാണ്. കുടുംബ ജീവിതം, സ്‌നേഹം, സൗഹൃദങ്ങള്‍ അങ്ങ്‌നനെ പലതും. ഭാര്യയെ വിവാഹ മോചനം ചെയ്തതിനുശേഷം എനിക്ക് രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന മോഹമൊക്കെ അസ്തമിച്ചു. അത്രക്കു സമ്മര്‍ദ്ദത്തിലായിരുന്നു എന്റെ വിവാഹജീവിതം. മോള്‍ ആദ്യഭാര്യയുടെ കൂടെയാണുള്ളത്. അവളാണു എനിക്കു ഈ ജീവിതത്തില്‍ ആകെയുള്ളത്. ആദ്യ ഭാര്യക്കു എന്റെ സ്വത്തില്‍ മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ എന്നെനിക്ക് വൈകിയാണെങ്കിലും മനസ്സിലായി. പാരമ്പര്യമായി കിട്ടിയ ബിസിനസ്സ്‌ന്റെ ഏക അവകാശി ഞാനാണ്. അതുകൊണ്ട് മാത്രമായിരിക്കണം ആ ബന്ധം കുറെകാലമെങ്കിലും നിലനിന്നത്. ഇപ്പോള്‍ മാസത്തില്‍ രണ്ടു ദിവസം എന്റെ കൂടെ വന്നു താമസിക്കുന്ന മകള്‍ മാത്രമാണ് എനിക്ക് ആ ബന്ധത്തില്‍ ഉള്ള ഏക താല്പര്യം. ഒരു ഭര്‍ത്താവിനു വേണ്ട സന്തോഷങ്ങള്‍ പകരാനൊന്നും ഭാര്യ എന്ന നിലയില്‍ അവള്‍ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.