സത്യം. അവളുടെ വീടെത്തുവോളം ഞാൻ നിശബ്തനായിരുന്നു. അവളും ഒന്നും മിണ്ടിയില്ല. വീടെത്തി കാറിൽ നിന്നും ഇറങ്ങുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. "ചേട്ടൻ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കയൊന്നും വേണ്ട. നല്ലപോലെ ചിന്തിച്ച് ഒരു തീരുമാനത്തിൽ എത്തിയാൽ മതി. ചേട്ടന് എന്നെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ ഞാൻ വേറെ കല്യാണം കഴിച്ചോള്ളും." അന്ന് വൈകുന്നേരം തന്നെ ഞാൻ ദേവികയുടെ വീട്ടിലേക്ക് പോയി. നാളെ അവൾ തിരിച്ച് ചെന്നൈയിലേക്ക് പോവുകയാണ്. സന്ധ്യ നേരം വീട്ട് മുറ്റത്തുകൂടി അവളോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവളോട് മായ പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചു. "ഡാ.. ഇതിൽ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു… ഒന്നാമത് അവൾ നിന്റെ മുറപ്പെണ്ണ് തന്നെയാണ്.. പിന്നെ അവളെക്കാളും നല്ലൊരു പെണ്ണിനെ നിനക്ക് എവിടന്ന് കിട്ടാനാണ്."
"അതൊക്കെ ശരിയാണ്.. പക്ഷെ എനിക്കിപ്പോൾ ഇരുപത്തിനാല് വയസാകുന്നതേ ഉള്ളു.. പറയാനായിട്ട് ഒരു ജോലി പോലും ഇല്ല.. ഞാൻ എങ്ങനെ അവളെ കല്യാണം കഴിക്കാനാണ്." അവൾ എന്റെ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു. "ഡാ പൊട്ടാ.. ഇപ്പോഴേ കല്യാണം കഴിക്കണം എന്ന്
ആര് പറഞ്ഞു.. നീ ഒരു രണ്ട് വർഷത്തെ സാവകാശം ചോദിക്കണം.. എന്നിട്ട് നല്ലൊരു ജോലിയൊക്കെ ഒപ്പിക്കണം." അവൾ പറഞ്ഞതിനെ കുറിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. "ഇതിൽ ഇത്ര ആലോചിച്ച് കൂട്ടാൻ എന്തിരിക്കുന്നു.. നീ മായയെ കുറിച്ച് മാത്രം ഒന്ന് ചിന്തിച്ചാൽ മതി." ദേവു പറഞ്ഞത് ശരിയാണ്.. ആരും നോക്കി നിന്നുപോകുന്ന സുന്ദരിയായ ഒരു പെണ്ണാണ് മായ.. മാത്രമല്ല ദേവു കഴിഞ്ഞാൽ എന്നെ അത്രത്തോളം മനസ്സിലാക്കിയിട്ടുള്ള വേറാരും ഇല്ല.. എന്തുകൊണ്ടും അവളുമായുള്ള ജീവിതം സന്തോഷകരമായിരിക്കും. "നിനക്ക് ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞ് തരാം" ഞാൻ ആകാംഷയോടെ അവളെ നോക്കി. "നീ ഒരുപാട് ജോലികൾ നോക്കി, ഒന്നിലും ഉറച്ച നിന്നില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം നിനക്ക് മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ഒരുപാട് കാലം നിൽക്കാനാകില്ല. അതുകൊണ്ട് നീ സ്വന്തമായി എന്തെങ്കിലും ബിസിനസിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്." ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു. "എന്റെ ഭാവിയെ കുറിച്ചതും കല്യാണത്തെ കുറിച്ചുമൊക്കെ ഇത്രയേറെ ഉപദേശങ്ങൾ തരുന്ന നീ എന്നാണ് ഇനി കല്യാണം കഴിക്കുന്നത്."