ലേറ്റ് ആയിരുന്നു. അല്ലെങ്കിൽ തന്നെ എത്ര ട്രെയിനുകൾ ഉണ്ട് കൃത്യ സമയത് എത്തുന്നത്. ഞാൻ റെയിൽവേ സ്റ്റേഷന് വെളിയിൽ ട്രെയിൻ വരുന്നതും കാത്ത് കാറിൽ ചാരി നിന്നു. എന്റരികിലായി നിന്നിരുന്ന ഒരാൾ സിഗരറ്റ് വലിക്കുന്നുണ്ട്. അതിന്റെ
പുകയും സ്മെൽലും എന്നെ ചെറുതായി അസ്വസ്ഥനാക്കിയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷന് അകത്തേക്ക് നടന്നു. ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്ന സമയം സിഗരറ്റ് ചെറുതായി പരീക്ഷിച്ച് തുടങ്ങിയതായിരുന്നു. അതറിഞ്ഞുടൻ മായ ദേവികയെ വിളിച്ച് പറഞ്ഞുകൊടുത്തു. പിന്നെ അതിന്റെ പേരിൽ വഴക്ക് പിണക്കം മിണ്ടാതിരിക്കാൻ ഒക്കെ ആയപ്പോൾ ഇനി സിഗരറ്റ് കൈ കൊണ്ട് തൊടില്ലെന്ന് രണ്ടുപേർക്കും സത്യം ചെയ്തു കൊടുത്തു. ഇടക്കൊക്കെ ബിയർ കുടിക്കാറുണ്ട് വല്ലപ്പോഴും മദ്യവും.. പക്ഷെ കുടിക്കുന്നതിന് മുൻപായി രണ്ടുപേരോടും പറയും. ആദ്യം കുടിക്കണ്ടെന്ന് പറഞ്ഞ് രണ്ടുപേരും ബലം പിടിക്കുമെങ്കിലും അവസാനം സമ്മതിക്കും. പറഞ്ഞു വരുകയാണെങ്കിൽ ഈ രണ്ടുപേരുടെയും ഒരു നിയന്ത്രണത്തിൽ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. പക്ഷെ എനിക്കതിൽ യാതൊരു വിഷമവും ഇല്ലായിരുന്നു.
കുറച്ച് നേരത്തെ കാത്തിരിപ്പിനുള്ളിൽ ചെറിയൊരു കൂകി വിളിയുമായി ട്രെയിൻ വന്ന് നിന്നു. ഞാൻ അവളുടെ ബോഗി ലക്ഷ്യമാക്കി നടന്നെത്തുമ്പോഴേക്കും അവൾ ട്രെയിനിൽ നിന്നും ഇറങ്ങി കഴിഞ്ഞിരുന്നു. രണ്ട് കൈയിലുമായി ഓരോ ബാഗും ഉണ്ട്. അവളുടെ മുഖം കാണുമ്പോൾ അറിയാം യാത്ര അവളെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന്. എന്നെ കണ്ടതും ഒരു ചിരിയോടെ അവൾ അടുത്തേക്ക് നടന്നു വന്നു. സ്വതസിദ്ധമായ ചിരിയോടെ അവൾ പറഞ്ഞു. "ആകെ വിയർത്തു നാറി ഇരിക്കുന്നതുകൊണ്ട് കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നില്ല." "അല്ലെങ്കിൽ തന്നെ നീ എന്നാണ് എന്നെ കെട്ടിപിടിച്ചിട്ടുള്ളത്." കണ്ണിറുക്കി കാണിച്ച്കൊണ്ടു അവൾ പറഞ്ഞു. "എന്റെ കെട്ടിയോനെ മാത്രേ ഞാൻ കെട്ടിപ്പിടിക്കുള്ളു.. അതുകൊണ്ടല്ലേ നിന്റടുത്ത് നിന്നും ഓരോ പ്രവിശ്യവും ഞാൻ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത്." "അവളുടെ ഒരു കെട്ടിയോൻ.. എന്നെ കെട്ടിപ്പിടിക്കാൻ നല്ല അടിപൊളി പെൺപിള്ളേർ വന്നോള്ളും" അവൾ ബാഗ് താഴെ വച്ച് കൈ നീട്ടികൊണ്ട് ചോദിച്ചു. "എവിടെ എനിക്കുള്ള സാധനം?" "എന്ത് സാധനം? വന്ന് കാറിൽ കയറടി.. ‘അമ്മ കാത്തിരിക്കയായിരിക്കും."