(ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ചില ഏടുകൾ) [ഈ കഥ ഞാൻ ദേവിക എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ്. അതിനാൽ തന്നെ മറ്റു കഥാപാത്രങ്ങൾക്കോ അവരുമായുള്ള രംഗങ്ങൾക്കോ സംഭാഷണങ്ങൾക്കോ അധിക പ്രാധാന്യം നൽകിയിട്ടില്ല. അതിന് ഞാൻ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു. ഇതൊരു കഥയല്ല.. കഥ പറച്ചിലായി കണ്ട് വായിക്കാൻ ശ്രമിക്കുക.]
സൂര്യൻ അസ്തമിക്കുന്ന ആ സായം സന്ധ്യയിൽ ചെറു ചൂടോടു കൂടി കട്ടൻ കുടിച്ചിറക്കുമ്പോൾ മനസിലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. "ഇനിയെന്ത്?" ഡിഗ്രി കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു. തുടർ പഠനത്തിന് പോയില്ല. അല്ലറ ചില്ലറ കാറ്ററിങ് പരിപാടികളുമായി നാട്ടിൽ ചുറ്റിപ്പറ്റി നിന്നു. അത്യാവിശ്യം സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ ആയതിനാലും ഒറ്റ മകനായതിനാലും ഇതുവരെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒന്നും ഉയർന്ന് വന്നിട്ടില്ല. എങ്കിലും മനസ്സിൽ ഇപ്പോൾ സ്വയം ആ ചോദ്യം ഉടലെടുത്തിരുന്നു. പെട്ടെന്നാണ് ചിന്തകളിൽ നിന്നും മനസിലെ ഉണർത്തികൊണ്ട് ഫോൺ ബെല്ലടിച്ചത്. മൊബൈലിന്റെ സ്‌ക്രീനിൽ തെളിഞ്ഞ
ദേവിക എന്ന പേര് കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. "ഹലോ.. എവിടായിരുന്നു മാഡം.. കുറച്ച് ദിവസമായി ഒരു വിവരവും ഇല്ലായിരുന്നല്ലോ." "ഇപ്പോൾ നാട്ടിൽ കാലുകുത്താറായിട്ടുണ്ട്.. ഏഴു മണിക്ക് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തും.. എന്നെ വീട്ടിൽ കൊണ്ടാക്കണം." ഞാൻ വാച്ചിലേക്ക് നോക്കുമ്പോൾ സമയം ആറുമണി. "എന്തിനാ ഇത്ര നേരത്തെ വിളിച്ച് പറഞ്ഞെ.. ഏഴുമണിക്ക് ഒരു അഞ്ചു മിനിറ്റ് ഉള്ളപ്പോൾ പറഞ്ഞാൽ പോരായിരുന്നോ?" "മോൻ എന്നെ ആക്കിയതാണോ?" "കേട്ടിട്ട് എന്ത് തോന്നി?" "എന്നെ വിളിക്കാൻ വരാൻ രണ്ട് ദിവസം മുൻപേ പറഞ്ഞിരിക്കാൻ സാറ് വലിയ ഓഫീസർ ഒന്നും അല്ലല്ലോ… മര്യാദക്ക് വന്നെന്നെ വിളിച്ച്കൊണ്ട് പോടാ." അവളുടെ ആജ്ഞ നിറഞ്ഞ വാക്കുകൾക്ക് ഒരു പുഞ്ചിരിയോടെ അല്ലാതെ എനിക്ക് മറുപടി നൽകാനായില്ല. "കാറ് കൊണ്ട് വരണോ അതോ ബൈക്കിൽ വന്നാൽ മതിയോ?" "ഒരു മാസത്തേക്ക് ഞാൻ ഇനി വീട്ടിൽ ഉണ്ടടാ.. അതുകൊണ്ട് ലഗ്ഗേജ് കുറച്ചുണ്ട്. നീ കാറിൽ വാ."
കാൾ കട്ട് ആയി.. അല്ലെങ്കിലും ദേവിക അങ്ങനെ ആണ്.. ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരിക്കും മുന്നിൽ വന്ന് നിൽക്കുക. ഇപ്പോൾ പഠനം പൂർത്തിയാക്കി