കുറച്ചു കുത്തനെ ഉള്ള കയറ്റം ആണ്… പതിനഞ്ച് മിനിറ്റോളം ആയി ലോഡും കൊണ്ട് ഈ കയറ്റത്തിൽ കിടക്കാൻ തുടങ്ങിയിട്ട്. മുന്നിൽ ഉള്ള വണ്ടികൾ ഒന്നും അനങ്ങുന്നില്ല." നീയീ വണ്ടി ഒന്ന് നോക്കിക്കേടാ… ഞാൻ ചെന്ന് നോക്കട്ടെ " ഞാൻ ക്യാബിനിൽ കൂടെ ഉള്ളവനോട് പറഞ്ഞു.
ഭാരത് ബെൻസിന്റെ 2528 ആണ്. ക്രഷറിൽ നിന്ന് എം-സാൻഡ് എടുത്ത് സൈറ്റിലേക്ക് പോവുന്ന വഴി. ക്യാബിനിൽ നിന്ന് ചാടിയിറങ്ങി കറുത്ത മുണ്ട് ഒന്ന് മടക്കിക്കുത്തി, കുറെ സംസ്‌കൃത ശ്ലോകങ്ങൾ ഒക്കെ പ്രിൻറ് ചെയ്ത വെള്ള കുർത്തയുടെ കൈയൊന്നു വലിച്ചു കയറ്റി മുന്നിലുള്ള വണ്ടികളെ കടന്നു മുന്നോട്ട് പോയി നോക്കിയപ്പോൾ ദേ കിടക്കുന്നു, നമ്മുടെ ബസ്- അനുഗ്രഹ. എട്ടു മണിയുടെ ട്രിപ്പ് ആണ്, പക്ഷെ വണ്ടി ഇരുപത് മിനുട്ട് ലേറ്റ് ആണല്ലോ. ബസിന്റെ സൈഡിലൂടെ നടന്നു മുന്നിലെത്തിയപ്പോൾ ആണ് വലതു ഭാഗത്തായി റോഡ് നന്നാക്കാൻ മെറ്റല് ഇറക്കി ഇട്ടിരിക്കുന്നു. നാലഞ്ച് ലോഡ് ഉണ്ട്, അത് കൊണ്ട് ഒരു സൈഡിലൂടെ മാത്രമേ വണ്ടി പോവൂ…
ആ സൈഡിൽ ആണെങ്കിൽ രണ്ടു ഇന്നോവയും ഒരു ഫോർച്യൂണറും ഉൾപ്പെടെ 4 വണ്ടികളും, റോഡ് സൈഡിൽ ആണ് നിർത്തിയിരിക്കുന്നത്. അത്
കടന്നു ബസിനു പോവാൻ ഉള്ള ഗാപ് ഇല്ല.
" എന്താ ഇക്കാ പ്രശ്നം?? " ബസിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്ന അക്ബറിക്കയോട് ഞാൻ ചോദിച്ചു.
" ആ മോനോ? അവിടെ ഗാപ് ഇല്ലന്നെ.. വണ്ടി മാറ്റി ഇടാൻ പറഞ്ഞപ്പോൾ ആ ചെക്കന്മാർ ഒടക്കാൻ വന്നെക്കണ്… രാവിലത്തെ ട്രിപ്പ് അല്ലെ..കുട്ട്യോളും ഓഫീസിൽ പോവണ്ടോരും ഒക്കെ ഇണ്ട്… ന്താപ്പോ ചെയ്യാ?? ആ സാഹിബിന്റെ പെരെന്റെ മുന്നിൽ ആയീലെ?? "
സാഹിബ്- ശരിക്ക് പറഞ്ഞാൽ മാളിയേക്കൽ അഹമ്മദ് ഹാജിയാർ, സ്ഥലത്തെ പ്രമുഖൻ ആണ്, അതിലുപരി നല്ലൊരു മനുഷ്യനും.. ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാവരെയും മനുഷ്യനായി കാണുന്ന വ്യക്തി. ഇന്നോവ നിർത്തി ഇട്ട സ്ഥലത്തേക്കു ചെന്നപ്പോൾ ആണ്, സാഹിബിന്റെ അറാംപിറന്ന രണ്ടാമത്തെ മോൻ കണ്ടക്ടർ അനീഷിന്റെ കോളറിൽ പിടിച്ചു ഇന്നോവയോട് ചേർത്ത് നിർത്തിയിരിക്കുകയാണ്. അനീഷ് ഒരു പാവം ആണ്. മെലിഞ്ഞു വലിയ ആരോഗ്യം ഇല്ലാത്ത ഒരു പാവം..എന്നാലോ എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ആ മുഖത്തുണ്ടാവും.
" എന്താ ഹാരിസേ ഈ കാട്ടുന്നത്?? ഓനെ വിടെടാ… "പറഞ്ഞു കൊണ്ട് ഞാൻ ഹാരിസിന്റെ തോളിൽ പിടിച്ചു പിന്നോട്ട് വലിച്ചു.
ഹാരിസ് എന്നേക്കാൾ 2 വയസ്സിനു മൂത്തതാണ്.