കുറിച്ചും കിട്ടുന്ന ലവ് ലെറ്റെറിനെ കുറിച്ചും എന്നുവേണ്ട അന്നത്തെ ദിവസം അവൾക്ക് എന്തൊക്കെ സംഭവിച്ചു അതെല്ലാം പറയും. എനിക്കും അതൊക്കെ കേൾക്കുന്നത് ഒരു രസമായിരുന്നു. മറ്റുള്ളവരുടെ മനസ് ചികഞ്ഞെടുക്കുന്നതിൽ മിടുക്കിയായ അവൾ പതുക്കെ എന്റെ മനസും ചികഞ്ഞു തുടങ്ങി. സത്യത്തിൽ ദേവിക പോയതിൽ പിന്നെ ഞാൻ ഒരാളോട് മനസ് തുറന്ന് സംസാരിക്കുന്നത് മായയോടായിരുന്നു.
ഞാൻ ദേവികയെക്കുറിച്ചും അഞ്ജലിയെക്കുറിച്ചും എല്ലാം അവളോട് തുറന്നു പറഞ്ഞു. കോളേജിലെ എണ്ണം പറഞ്ഞ സുന്ദരിമാരിൽ ഒരാളായ മായ എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നത് പലരുടെയും ഉള്ളിൽ അസൂയ ഉണർത്തിയിരുന്നു. പക്ഷെ അവൾ എന്റെ മുറപ്പെണ്ണ് ആയിരുന്നിട്ട് കൂടി ഞാൻ അവളെ ഒരു സുഹൃത്തായിട്ടായിരുന്നു കണ്ടത്. എന്റെ മനസിനുള്ളിൽ അപ്പോഴും അഞ്ജലിക്ക് തന്നെയായിരുന്നു സ്ഥാനം. രാത്രി നല്ല ഉറക്കത്തിൽ കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്ന ശബ്‌ദം എന്റെ ഉറക്കത്തെ നശിപ്പിച്ചത്. വിളിച്ചത് ആരായാലും ഞാൻ അവരെ പ്രാവിക്കൊണ്ടാണ് ഫോൺ എടുത്തത്. ഡിസ്‌പ്ലേയിൽ ഒരു നമ്പർ ആണ് തെളിഞ്ഞ് കാണുന്നത്.
സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി. ഇതാരാണാവോ ഈ സമയത്ത്. "ഹലോ.." "പ്രിയ കൂട്ടുകാരന് എന്റെ പിറന്നാൾ ആശംസകൾ." അപ്പോഴാണ് പന്ത്രണ്ടു മണി കഴിഞ്ഞല്ലോ ഇന്ന് എന്റെ പിറന്നാൾ ആണല്ലോന്ന് ഓർത്തത്. പക്ഷെ ഇതാരാണ് ഈ പാതിരാത്രി വിളിച്ച് ആശംസ പറയാൻ. പെട്ടെന്ന് ഒരു രൂപം എന്റെ മനസിലേക്ക് ഓടിയെത്തി.. ഒരു സംശയത്തോടെ ഞാൻ ചോദിച്ചു. "ദേവൂ ആണോ?" "അപ്പോൾ എന്നെ മറന്നിട്ടില്ലല്ലേ?" "ഡി പട്ടി.. ഫോൺ വച്ചിട്ട് പൊയ്ക്കൊള്ളണം.. നിനക്ക് ഇപ്പോഴാണോടി അവിടെ സിം കിട്ടിയത്……" വായിൽ തോന്നിയ ചീത്തയെല്ലാം ഞാൻ അവളെ വിളിച്ചു. എല്ലാം കേട്ടതിന് ഒടുവിൽ അവൾ എന്നോട് പറഞ്ഞു. "ഇതെല്ലം കേൾക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാ ഞാൻ നിന്നെ വിളിച്ചത്.. സോറി ഡാ.." "നീ ഇവിടന്നു പോയിട്ട് എത്ര മാസങ്ങൾ ആയി.. ഇതിനിടയിൽ ഒരു തവണയെങ്കിലും നിനക്കെന്നെ വിളിച്ചൂടായിരുന്നോ?" "എന്നോടുന്നു ക്ഷമിക്കെടാ.. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഇവിടെ വന്നത്.. പിന്നെ പഠിത്തത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ." ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ ചെറിയൊരു കൊഞ്ചലോടെ പറഞ്ഞു. "സോറി ഡാ.. ഞാൻ ഇനി എന്നും വിളിച്ചു കൊള്ളാം..