നനുത്തൊരു കമ്പിളിപ്പുതപ്പിനു കീഴില്‍ വട്ടംചുറ്റിപ്പിടിച്ച് കിടക്കവെ, പ്രിയപ്പെട്ടവന്‍ ചെവിയില്‍ പതിയെ പറഞ്ഞു, ‘നമുക്ക് ഇന്ന് വെറുതെ സുഖമായി കിടന്നുറങ്ങാം’.
അത് ഞങ്ങളുടെ ആദ്യ രാത്രിയായിരുന്നു. പുറത്ത് അപ്പോഴും മഴയുണ്ടായിരുന്നു. പൈങ്കിളി സിനിമകളില്‍ നൂറ്റൊന്നാവര്‍ത്തിച്ചു കാണുന്ന ആദ്യരാത്രികള്‍ക്കൊന്നും ജീവിതവുമായി വലിയ ബന്ധമില്ലെന്ന് എനിക്ക് മനസ്സിലായിരുന്നു. കാരണം കല്യാണമെന്നൊരു വലിയ മേളത്തിന്റെ ആഴ്ചകള്‍ നീണ്ട കെട്ടിയെഴുന്നള്ളത്തുകളുടെ ക്ഷീണത്താല്‍ വലഞ്ഞുപോയിരിക്കും, ഏതു സാധാരണ പെണ്ണും ചെക്കനും, കേള്‍വികേട്ട ആ ആദ്യ രാവില്‍. പരസ്പരമൊന്ന് ഉരിയാടാന്‍ പോലും അനുവദിക്കാതെ അവരുടെ കണ്‍പോളകളില്‍ ഉറക്കം കൂടാരംകൂട്ടിയിട്ടുണ്ടാവും, നാട്ടുനടപ്പാചാരങ്ങളെല്ലാം കഴിഞ്ഞ് ഏറെ വൈകിത്തുടങ്ങുന്ന ആദ്യരാവില്‍. കല്യാണമേളത്തിന്റെ പേരില്‍ ദിവസങ്ങള്‍കൊണ്ട് മുഖത്തും ദേഹത്തും തേച്ചുപിടിപ്പിച്ച ചായക്കൂട്ടുകളും ഔപചാരികതകളും കഴുകിക്കളയാന്‍തന്നെ വേണം ദിവസങ്ങള്‍. പെണ്ണിനാകട്ടെ, ഓരോ മൂലയിലും മുറികളിലും അപരിചിതത്വത്തിന്റെ
ഭൂതങ്ങള്‍ തുറിച്ചുനോക്കുന്ന പുതുവീടിന്റെ അസ്വസ്ഥതകള്‍!
അകാരണമായ എന്തൊക്കെയോ ഭയാശങ്കകള്‍ നിറഞ്ഞുനില്‍ക്കും, ഭര്‍തൃവീട്ടിലെ കിടപ്പുമുറി ഗന്ധത്തില്‍പോലും. അടുപ്പമുള്ളവരെല്ലാം പൊടുന്നനെ അകലെയായിപ്പോയതിന്റെ സങ്കടം ഇരട്ടിപ്പിക്കും ഓരോ വാക്കും. കൂട്ടുകിട്ടിയവന്റെ പ്രകൃതമോ പ്രവൃത്തിയോ മനസിലാക്കി തുടങ്ങിയിട്ടുപോലുമുണ്ടാവില്ല സാധാരണ പെണ്‍മനസ്സ്, ഇണക്കൊപ്പമുള്ള ആ ആദ്യ ദിനങ്ങളില്‍.
പെണ്ണുകാണാന്‍ വന്നപ്പോഴൊരു വാക്ക്, പിന്നെ കല്യാണ നിശ്ചയ നാളില്‍ ഒരു നിമിഷം, ഇടക്കെപ്പോഴോ അല്‍പ വാക്കുകള്‍. അത്രമാത്രം പരിചയമുള്ള ആണൊരുത്തനൊപ്പം കിടക്കയില്‍ എത്തിപ്പെടുന്ന ഓരോ പെണ്‍കുട്ടിയും ഉള്ളിന്റെ ഉള്ളില്‍ പേടിക്കുന്നത്, ഒച്ചവെച്ചുപോലും ചെറുക്കാനാവാത്തൊരു ബലാല്‍ക്കാരത്തെയാണ്. ഭാഗ്യം, എന്റെ പ്രിയപ്പെട്ടവന്‍ അല്‍പം സഹൃദയനാണ്. അപരിചിതയായ ജീവിത പങ്കാളിക്കുമേല്‍ അവന്‍ ആണത്തത്തിന്റെ ശൂരത്തങ്ങള്‍ പരീക്ഷിക്കുവാന്‍ മെനക്കെട്ടില്ല. ദൈവമേ, നന്ദി!
തൂവല്‍ക്കനമുള്ളൊരു കൈവലയം. അതേറെ അപരിചിതമെങ്കിലും ഭയമൊന്നുമില്ലാതെ മയങ്ങിപ്പോയി.