ഉള്ളവരൊക്കെ വെറുതെ മാളിൽ ഒക്കെ, കേറി വായിനോക്കി നടന്നു കുറെ ഷോപ്പിംഗ് ഒക്കെ നടത്തി എന്നെ ഉള്ളൂ…
തിരിച്ചു വരുമ്പോൾ ആരും സീറ്റിൽ പോലും ഇരിക്കാതെ ആയിരുന്നു തുള്ളിച്ചാട്ടം..രാത്രി രണ്ടു മണിയോടെ ബസ് കോളേജിൽ എത്തി. ചിലരൊക്കെ വഴിയിൽ ഇറങ്ങിയിരുന്നു, ബാക്കി ഉള്ളവരെ കൂട്ടാൻ വീട്ടുകാരും. അവിടെ പക്ഷെ ഹന്നയുടെ വീട്ടുകാരെ കണ്ടില്ല. അവൾ എത്തുന്ന സമയം പറഞ്ഞിട്ടില്ലായിരുന്നു. എന്നോട് വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. പക്ഷെ അത് ശരിയല്ല.. അസമയത്ത് ഒരു പെണ്ണിനെ കൊണ്ട് ചെന്നാക്കുക എന്ന് പറഞ്ഞാൽ…പക്ഷെ അവൾ വാശിയിൽ ആണ്.. ഷെൽഹയെ വിളിച്ചപ്പോൾ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. അവസാനം ആ വഴിക്കുള്ള ഒരു ടീച്ചറിന്റെ കാറിൽ അവളെ കയറ്റി വിട്ടു. അൻവർ വഴിയിൽ ഇറങ്ങി പമ്പിൽ നിന്ന് എന്റെ ബൈക്ക് എടുത്ത് വന്നിരുന്നു. അത് വാങ്ങി ഞാൻ ആ കാറിന്റെ പിന്നാലെ ഒരു അകലം ഇട്ട് ഓടിച്ചു… എന്നെ വിശ്വസിച്ചു വീട്ടിൽ വിടാൻ പറഞ്ഞതാണ്, അപ്പോൾ അവൾ വീട്ടിൽ എത്തി എന്ന് ഉറപ്പാക്കണമല്ലോ…
അവളുടെ ഗേറ്റിനു മുന്നിൽ ഹന്നയെ ഇറക്കി ടീച്ചർ പോയി. ഞാൻ കുറച്ചു അകലം വിട്ടു ബൈക്ക് നിർത്തി
ഹെഡ്‍ലൈറ്റ് ഓഫ് ആക്കി.അവൾ വീട്ടിൽ ഉള്ളവരെ വിളിക്കുകയാണ് മൊബൈലിൽ. പക്ഷെ ആരും ഫോൺ എടുക്കുന്നില്ല. പെണ്ണിന് ചെറുതായിട്ട് പേടി ആയെന്നു തോന്നുന്നു. ബാഗ് നിലത്തു വെച്ച് വീണ്ടും വിളിക്കുകയാണ്. ഞാൻ അടുത്തേക്ക് ചെന്നു എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ആശ്വാസം അതെ പോലെ കുറച്ചു ദേഷ്യവും.. ഞാൻ മതിൽ ചാടിക്കടന്നു വീടിന്റെ മുന്നിൽ ചെന്ന് കാളിങ് ബെൽ അടിച്ചു. കുറച്ചുനേരം അടിച്ചപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വീണ്ടും അതെ പോലെ തിരിച്ചുചാടി ബൈക്കിന്റെ അടുത്ത് വന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഖദീജുമ്മ വന്നു ഗേറ്റ് തുറന്നു, അവൾ ഒറ്റക്ക് നിൽക്കുന്നത് കണ്ടു എന്തൊക്കെയോ ദേഷ്യപ്പെട്ടു. ദൂരെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടവൾ എന്തോ പറഞ്ഞു. എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് നടന്നു.
* * * * * * * *
രണ്ടു ദിവസത്തേക്ക് വേറെ എങ്ങോട്ടും പോയില്ല. വീട്ടിലും പറമ്പിലും തന്നെ ആയിരുന്നു. വീടിനു ചുറ്റുമുള്ള പറമ്പ് ഒരു ഫാം ആക്കി മാറ്റണം. അതിനു വേണ്ടി ഒരു ദിവസം ഉച്ചക്ക് കൃഷിഭവനിൽ ചെന്നു. ശനിയാഴ്ച്ച ആണ്, അധികം തിരക്കില്ല.