ഹാരിസ് ആണ്..
" പൊരെ കേറിവന്നു ഈടത്തെ പെണ്ണുങ്ങളോട് അനാവശ്യം പറയുന്നോടാ?? " അവൻ കാലു പൊക്കി ചവിട്ടാൻ നോക്കിയപ്പോഴേക്കും ആ കാലിൽ രണ്ടു കൈ കൊണ്ടും പിടിച്ചു ഞാൻ ഒരു വശത്തേക്കു തിരിച്ചു. ബാലൻസ് തെറ്റി അവൻ വീണു. കുറച്ചു മുന്നോട്ട് നടന്നു വീണു കിടക്കുന്ന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട് ഞാൻ തറയിലൂടെ വലിച്ചിഴച്ചു. സ്റ്റെയർ ഇറങ്ങുന്ന അവിടെ നേരത്തെ കണ്ട ആളുകൾ നിൽക്കുന്നുണ്ട്. ആദ്യം കണ്ടവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട് കൊടുത്തു. പുറകിൽ നിന്നവന്റെ മേലെ ചെന്നിടിച്ചു ഒരു നിലവിളിയോടെ രണ്ടു പേരും കൂടെ സ്റ്റെപ്പിലേക്ക് വീണു.
പുറത്തു നടക്കുന്ന ശബ്ദം കേട്ടിട്ട് ഹന്ന റൂമിലെ വാതിലിൽ അടിച്ചുകൊണ്ട് " ഏട്ടാ…എന്താ..എന്താ…" എന്ന് ചോദിക്കുന്നുണ്ട്.
" ഒന്നുല്ലേടീ… ഞാൻ ഹാരിസിനോട് നമ്മളെ കല്യാണക്കാര്യം പറഞ്ഞതാ…ഇയ്യ് ബേജാറാവാതെ ഇരിക്ക്.. "
ഹാരിസിനെ അവിടെ തന്നെ ഇട്ടിട്ട് ഞാൻ താഴേക്കിറങ്ങി.. രണ്ടു സ്റ്റെപ് ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ അവൻ എണീക്കുന്നതെ ഉള്ളൂ…
" ഹാരിസേ.. അനക്ക് ഇന്നെ അറിയാലോ…പണ്ട് ഫഹദ് ചേച്ചിന്റെ കയ്യിക്കേറി പിടിച്ചപ്പോൾ
ഞാൻ ഓനെ ഒന്ന് തല്ലി.. അന്ന് ഓൻ അന്റെ പേരും പറഞ്ഞീന്നു.. പക്ഷെ അന്ന് അന്നെ ഞാൻ വെറുതെ വിട്ടത് അന്റെ ബാപ്പ അഹമ്മദ് സാഹിബിനെ ഓർത്തിട്ടല്ല, ഈടെ അന്റെ താഴെ ഉള്ള ഷെഹ്‌ലാനെ ഓർത്തിട്ടാ.. ഇപ്പൊ ഇന്നെ തല്ലിയപ്പോൾ തിരിച്ചു തല്ലാത്തതും അത് പോലെ തന്നെ, ഹന്നേനെ ഓർത്താ.. നാളെ ഇയ്യിന്റെ അളിയൻ ആവുമ്പൊ അനക്ക് ഇന്റെ മുഖത്ത് നോക്കണം ന്നു ഓർത്താ… "
താഴേക്ക് ഇറങ്ങിവന്നപ്പോഴേക്കും ഷെൽഹ നിൽക്കുന്നുണ്ടായിരുന്നു.
" ഒരു വട്ടം പ്രശ്നങ്ങൾ ഇല്ലാണ്ടിരിക്കാൻ അന്നോടുള്ള ഇഷ്ടം ഞാൻ വേണ്ടാന്നു വെച്ചതാ… പക്ഷെ ഇപ്രാവശ്യം ഓളെ ഞാൻ ആർക്കും കൊടുക്കൂല… " മുന്നിൽ ഉള്ളവർ മാറിയപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി, രാജദൂത് സ്റ്റാർട്ട് ചെയ്തു
പുറത്തേക്ക് എടുത്തു.. വീട്ടിൽ ചെന്ന് അവളുടെ വീട്ടിൽപോയി ഹാജിയാരെയും ഉമ്മേനേം കണ്ടത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല.. ഒരു സമാധാനം മുഖത്തുണ്ടായിരുന്നു.
" അവിടെ തല്ലൊന്നും ഉണ്ടാക്കീലല്ലോ ല്ലേ?? " അച്ഛൻ ചോദിച്ചു. ഒന്നും പറയാൻ പോയില്ല. ഇല്ല എന്ന് പറഞ്ഞു അകത്തേക്കു നടന്നു.
പിറ്റേന്ന് രാവിലെ അൻവറിന്റെ ഫോൺ ആണ് ഉണർത്തിയത്..