ഞാൻ അവളുടെ നേരെ തിരിഞ്ഞു. "ദേവു.. ‘അമ്മ പറയുന്നത് സത്യമാണോ?" അവൾ മുഖം കുനിച്ച് നിന്ന് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോൾ അവനോട് അടുത്തപ്പോൾ ആണ് ഇവൾ എന്നോട് അകന്നത്.. ഫോൺ വിളിക്കുമ്പോൾ സംസാരിക്കാതായത്. പക്ഷെ ഇതെങ്ങാനാണ് സംഭവിച്ചത്. അവൾ എന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "രാജീവേട്ടൻ കുറച്ച് കഴിയുമ്പോൾ ഇവിടേക്ക് വരും.. നിങ്ങൾ ഏട്ടനോടൊന്ന് സംസാരിക്ക് ആദ്യം.. എന്നിട്ട് എല്ലാം തീരുമാനിക്കാം." ഞാൻ അമ്മയെ നോക്കി.. ‘അമ്മ രാജീവ് വരുമെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ പിടിവാശിക്ക് മുന്നിലാണ് അവനെ ഇങ്ങോട്ട് വരാൻ ‘അമ്മ സമ്മതിച്ചത് എന്ന് എനിക്ക് മനസിലായി. "നീ ഒന്ന് രാജീവിനോട് സംസാരിക്ക്.. എന്നിട്ട് എന്താ മോന്റെ അഭിപ്രായം എന്ന് പറ."
‘അമ്മ അത് പറഞ്ഞപ്പോഴാണ് ദേവികയുടെ കാര്യത്തിൽ അവർ എനിക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നു എന്ന് എനിക്ക് മനസിലായത്. ദേവികയുടെ ഒരു സുഹൃത്ത് മാത്രമായ എന്നോട് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നു. "ഞാൻ ആദ്യം ഇവളോടൊന്ന് സംസാരിച്ചോട്ടമ്മ." ഞാൻ അവളെയും വിളിച്ച് വീടിനു
പുറത്തേക്ക് നടന്നു. നിശബ്തതയെയും കൂട്ട് പിടിച്ച് ഞങ്ങൾ കുറച്ച് നേരം മുറ്റത്ത് ചുമ്മാ നടന്നു. അവൾ എന്റെ മുഖത്തേക്ക് നിവർന്ന് നോക്കുന്നുണ്ടായിരുന്നില്ല. മുഖമാകെ ക്ഷീണിച്ച് കറുത്ത് കരിവാളിച്ചത് പോലെ. "നീ രാവിലെ ഒന്നും കഴിച്ചില്ലേ?" അവൾ ഇല്ലെന്ന അർത്ഥത്തിൽ മൂളി. ഞാൻ അവളെ മുറ്റത്ത് പടിയിൽ മേൽ ഇരുത്തിയ ശേഷം അകത്തേക്ക് നടന്നു. അമ്മയുടെ കൈയിൽ നിന്നും ദോശയും ചമ്മന്തിയും ഒരു പ്ലേറ്റിൽ വാങ്ങിയാണ് ഞാൻ തിരിച്ച് വന്നത്. അവളുടെ അരികിലായി ഇരുന്ന് ഞാൻ പ്ലേറ്റ് അവളുടെ കൈയിൽ കൊടുത്തു. "കഴിക്ക്.." അവൾ ഒരക്ഷരം എതിർത്ത് പറയാതെ കഴിച്ച് തുടങ്ങി. "നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?" "എനിക്ക് ഫേസ്ബുക്കിൽ ഒരു പെണ്ണിന്റെ പേരിൽ റിക്യുസ്റ് വന്ന്. ഞാൻ ചുമ്മാ ചാറ്റ് ചെയ്ത് തുടങ്ങിയതാ… കുറച്ചു നാൾ ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അത് രാജീവേട്ടനാണെന്ന് അറിയുന്നത്. എന്തുകൊണ്ടോ എനിക്ക് ചാറ്റിങ് നിർത്താൻ തോന്നിയില്ല. അറിയാതെ ഞങ്ങൾ അങ്ങ് അടുത്ത് പോയി." "നീ ഇതെന്താ എന്നോട് പറയാഞ്ഞത്?" "പറഞ്ഞ് കഴിഞ്ഞാൽ നീ ഈ ബന്ധത്തെ എതിർക്കുമെന്ന് തോന്നി." ഞാൻ നിശബ്തനായി ഇരുന്നു.